വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ വിശദീകരണം നല്‍കണം; തുടര്‍നടപടികള്‍ അതിന് ശേഷം: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: വാക്സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സാവകാശം നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വാക്‌സിന്‍ എടുക്കാത്തിന്റെ കാരണം ബോധ്യപ്പെടുത്തണം. വിശദീകരണം നല്‍കുന്നത് പരിശോധിച്ച് സര്‍ക്കാരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

‘സംസ്ഥാനത്ത് 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇവരുടെ സുരക്ഷക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. സമൂഹത്തിന്റെ താല്‍പര്യം പരിഗണിക്കാന്‍ അധ്യാപകര്‍ തയ്യാറാവണം അധ്യാപകരും അനധ്യാപകരുമായി സംസ്ഥാനത്ത് അയ്യായിരത്തോളം പേര്‍ വാക്‌സിനെടുക്കാത്ത വരായി ഉണ്ട്. അങ്ങനെയുള്ളവരെ സ്‌കൂളില്‍ വന്ന് ക്ലാസ് എടുക്കാന്‍ അനുവദിക്കില്ല. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാം’, മന്ത്രി പറഞ്ഞു.

വാക്‌സിനെടുക്കാത്ത അധ്യാപകരുള്ള സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. അധ്യാപകര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.