അഞ്ചാം വരവിനൊരുങ്ങി പ്രൊഫസറും കൂട്ടരും; മണി ഹീസ്റ്റ് സീസണ്‍ 5 ഡിസംബര്‍ മൂന്നിന് നെറ്റ്ഫ്‌ളിക്‌സില്‍

ആരാധകര്‍ ഏറെ കാത്തിരുന്ന സ്പാനിഷ് വെബ്സീരിസ് മണി ഹീസ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയുമായ ഭാഗം ഡിസംബര്‍ മൂന്നിന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.
അഞ്ചാം സീസണ്‍ രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. ആദ്യത്തെ ഭാഗം സെപ്തംബര്‍ മൂന്നിന് റിലീസ് ആയി. രണ്ടാമത്തെ ഭാഗമാണ് ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്നത്. രണ്ട് ഭാഗങ്ങളിലും അഞ്ച് എപിസോഡുകള്‍ വീതമാണുള്ളത്.

അലെക്‌സ് പിന സംവിധാനം ചെയ്ത സീരീസ് സ്‌പെയിനിലെ ആന്റിന 3 ചാനലില്‍ ആണ് ആദ്യം റിലീസ് ചെയ്തത്. ആദ്യ രണ്ട് സീസണുകള്‍ ചാനലിലാണ് പുറത്തിറങ്ങിയത്. മൂന്നാം സീസണ്‍ മുതല്‍ ഇങ്ങോട്ട് നെറ്റ്ഫ്‌ളിക്‌സ് ഒറിജനല്‍സായാണ് മണി ഹീസ്റ്റ് എത്തിയത്. പ്രധാന കഥാപാത്രമായ പ്രൊഫസറിനെ അവതരിപ്പിച്ചത് അല്‍വാരോ മോര്‍ട്ടെയാണ്.

സീരീസില്‍ ഇതുവരെ റിലീസ് ചെയ്ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസണ്‍ ആകാംക്ഷാജനകവും സംഘര്‍ഷഭരിതവുമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.