മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് മുന്നറിയിപ്പ് നല്‍കാതെയെന്ന് ഡീന്‍ കുര്യാക്കോസ് എം പി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഷട്ടറുകള്‍ മുന്നറിയിപ്പ് നല്‍കാതെയാണ് തുറന്നതെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിനാല്‍ സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു. അഞ്ച് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും ബാക്കി നാലെണ്ണം 30 സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്.

മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. അതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മൂന്നടിയോളമാണ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 3.55 നാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തിയത്.