സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃത കൊടിമരം സ്ഥാപിക്കുന്നതില്‍ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. ആര് പറഞ്ഞാലും കേരളം നന്നാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. ‘കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയപ്പോള്‍ നിറയെ കൊടിമരങ്ങളായിരുന്നു. പാതയോരങ്ങളിലെല്ലാം ബഹുഭൂരിപക്ഷവും ചുവന്ന കൊടികളാണ്. അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
സംസ്ഥാനത്തുടനീളം തോന്നിയ പോലെ കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇത് നിയമവ്യവസ്ഥയുടെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ച സ്ഥലം സ്വന്തം ഭൂമി പോലെയാണ് പലരും കരുതുന്നത്. സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും, ബോര്‍ഡുകളും സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
പാതയോരങ്ങളില്‍ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കരുതെന്ന് നേരത്തെ തന്നെ കോടതി താക്കീത് നല്‍കിയിരുന്നു. കൊടിമരം സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.

