നോക്കുകൂലി വിഷയം; പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിജിപി അനില്‍ കാന്ത്‌

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും കുറ്റപത്രം സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി സര്‍ക്കുലര്‍ നല്‍കി. പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പിടിച്ചുപറി അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

നോക്കുകൂലി ആവശ്യപ്പെടുന്ന വ്യക്തികള്‍, യൂണിയനുകള്‍, യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബാധകമായ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കേസ് അടുത്ത തവണ പരിഗണിക്കുന്നതിന് മുമ്പ് ഇറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസം എട്ടിനാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.