തിരുവനന്തപുരം: രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനസർവീസുകളുടെ എണ്ണം വർധിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അദാനി ഗ്രൂപ്പും വിവിധ വിമാനക്കമ്പനികളുമായി ഇതുസംബന്ധിച്ചുള്ള ചർച്ചകൾ നടത്തുന്നുണ്ട്. അദാനി നിയന്ത്രിക്കുന്ന മംഗളൂരു, ലക്‌നൗ, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി, വാരണാസി, അമൃത്സർ, ഭുവനേശ്വർ, ഇൻഡോർ, ട്രിച്ചി വിമാനത്താവളങ്ങളെ തിരുവനന്തപുരവുമായി ബന്ധിപ്പിച്ചും സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡിസംബർ 15 ന് തിരുവനന്തപുരത്ത് നിന്ന് പൂനെയിലേക്ക് സർവീസ് ആരംഭിക്കും. കൊച്ചിയിലേക്ക് നേരിട്ടുള്ള ഇൻഡിഗോ സർവീസും രണ്ടു വർഷത്തിന് ശേഷം പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ 9.45 ന് കൊച്ചിയിൽ നിന്നെത്തുന്ന വിമാനം വൈകിട്ട് അഞ്ചരയ്ക്ക് തിരികെ പറക്കും. 3,800 മുതൽ 4,000 രൂപ വരെയാണ് സർവ്വീസിന്റെ ടിക്കറ്റ് നിരക്ക്.
അതേസമയം തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ ഒരു സർവീസ് കൂടി ആരംഭിക്കും. ജെറ്റ് എയർവേസ് സർവീസുകൾ ആരംഭിക്കുമ്പോൾ തിരുവനന്തപുരത്തു നിന്ന് കൂടുതൽ സർവീസുകളും ഉണ്ടായിരിക്കും. ഖത്തർ എയർവേസിന്റെ സർവീസ് പുനരാരംഭിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. എയർഇന്ത്യ എക്‌സ്പ്രസും എയർഏഷ്യയും ലയിക്കുന്നതോടെ തിരുവനന്തപുരത്തു നിന്ന് കൂടുതൽ രാജ്യാന്തര സർവീസുകൾക്കും സാധ്യതയുണ്ട്.

