തിരുവനന്തപുരം: പാമോലിന്‍, രാജന്‍, ചാരക്കേസുകളില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൂന്ന് കേസുകളിലും നിരപരാധിയായിരുന്ന കരുണാകരന്‍ പാര്‍ട്ടിക്കുള്ളിലും കോടതിക്കുള്ളിലും വിചാരണ ചെയ്യപ്പെട്ടതായും സതീശന്‍ വ്യക്തമാക്കി. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.എസ് പ്രേമചന്ദ്രക്കുറുപ്പ് രചിച്ച ‘ലീഡര്‍ക്കൊപ്പം മൂന്നരപതിറ്റാണ്ട്’ സര്‍വീസ് സ്റ്റോറിയുടെ പ്രകാശന ചടങ്ങില്‍ പ്രതിപക്ഷ നേതാവ്. കെ മുരളീധരന്‍ എംപി പുസ്തകം ഏറ്റുവാങ്ങി.
‘കരുണാകരന്റെ ജീവിതം വേട്ടയാടലുകളുടേതായിരുന്നു. രാജന്‍ മരിച്ചെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. താന്‍ രാജിവച്ചാല്‍ രാജന്‍ പുറത്തു വരുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ തയാറായിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതായിരുന്നു കാരണമെന്നും’-കെ. മുരളീധരന്‍ പറഞ്ഞു.
പാമോലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് നേട്ടമാണുണ്ടായതെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതാരും മനസ്സിലാക്കിയില്ല. കരുണാകരനെപ്പോലെ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചൊരു നേതാവ് കേരളത്തിലുണ്ടായിരുന്നില്ല. തികഞ്ഞ ദേശീയവാദിയായ കെ. കരുണാകരന്‍ അപാര നര്‍മബോധത്തിന് ഉടമയായിരുന്നെന്നും സതീശന്‍ ഓര്‍മ്മപ്പെടുത്തി.
ഡി.ഐ.ജി ജയറാംപടിക്കലിനെ വിശ്വസിച്ചതാണ് രാജന്‍ കേസില്‍ കെ. കരുണാകരന് വിനയായതെന്നാണ് കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് പുസ്തകത്തിലൂടെ തുറന്നുകാട്ടുന്നത്. രാജനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന വിവരമാണ് അദ്ദേഹത്തിന് നല്‍കിയത്. പാമോലിന്‍ കേസിലും ചാരക്കേസിലും അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരും പ്രതിപക്ഷവും സ്വന്തം പാര്‍ട്ടിയിലെ ചിലരും ചേര്‍ന്ന് കരുണാകരനെ കേസില്‍ പടുത്തുകയായിരുന്നു. ചാരക്കേസില്‍ നമ്പിനാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈകിയെങ്കിലും നീതികിട്ടി. പക്ഷേ, കരുണാകരന് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന് പ്രേമചന്ദ്രക്കുറുപ്പ് പറയുന്നു.

