ന്യൂഡല്‍ഹി: രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി വിവിധ കോണ്‍ഗ്രസ് നേതാക്കള്‍.
വിവാദ നിയമങ്ങള്‍ പിന്‍വലിച്ചത് കേന്ദ്രസര്‍ക്കാരിന്റെ വൈകിവന്ന വിവേകമെന്ന് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ഷക സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണ സമരത്തിനുണ്ടായിരുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എതിര്‍പ്പുണ്ടാകുന്ന നടപടിയുമായി മുന്നോട്ട് പോയാല്‍ രാജ്യത്തെ ജനങ്ങളിനി അടങ്ങിയിരിക്കില്ല. ഇതിനേക്കാള്‍ വലിയ പ്രക്ഷോഭം വരും നാളുകളില്‍ രാജ്യത്തുണ്ടാകും. ഇന്ധനങ്ങളുടെ അമിത വിലകൂടി പരിഗണിക്കണമെന്നും ആന്റണി പറഞ്ഞു. വൈകിയാണെങ്കിലും കേന്ദ്രസര്‍ക്കാരിന് തിരിച്ചറിവുണ്ടായെന്നും നിയമങ്ങള്‍ പിന്‍വലിച്ചത് ഉചിതമായ നടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുളളവര്‍ ചെയ്ത സമരത്തിന്റെ വിജയമാണിതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
കര്‍ഷകര്‍ക്ക് എതിരായ കരിനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത് നിവര്‍ത്തിയില്ലാതെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്രം മുട്ടുമടക്കി. കോണ്‍ഗ്രസ് പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തിയ സമരം ശരിയാണെന്ന് തെളിഞ്ഞെന്നും സതീശന്‍ പറഞ്ഞു. കാര്‍ഷിക നിയമം പിന്‍വലിക്കേണ്ടി വന്നത് മോദി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ആത്മവീര്യം ചോരാത്ത കര്‍ഷക സമൂഹത്തിന്റെ മുമ്പില്‍ മോദിയും സര്‍ക്കാരും മുട്ട് മടക്കിയിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വേണ്ടി പോരാട്ട ഭൂമിയില്‍ നിലകൊണ്ട ആയിരക്കണക്കിന് പോരാളികള്‍ക്ക് അഭിവാദ്യങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കാന്‍ ഏഴുവര്‍ഷം വൈകിയെന്ന് ശശിതരൂര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പിന്മാറ്റം തെരഞ്ഞെടുപ്പ് തിരച്ചടികള്‍ മൂലമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വാര്‍ത്ഥത മൂലമാണ്. കര്‍ഷകരെ ഇന്നലെ വരെ ശത്രുക്കളായി കണ്ടവരാണ് പ്രധാനമന്ത്രി. ഇന്ന് എറ്റെടുക്കുന്നതിന് പിന്നില്‍ സ്വാര്‍ത്ഥതയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ണായക പ്രഖ്യാപനം. സമരം അവസാനിപ്പിക്കണമെന്നും കര്‍ഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മാസം ചേരുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

