കൊവിഡ് പ്രതിസന്ധികള്‍ തരണം ചെയ്ത് നഷ്ടമായ വിപണികളുടെ വളര്‍ച്ചാ വേഗം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. നിരവധി പദ്ധതികളാണ് ഇതിനായി ഇരു സര്‍ക്കാരുകളും നടപ്പാക്കി വരുന്നത്. തൊഴില്‍ തേടുന്നവരെയല്ല മറ്റുള്ളവര്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയുന്നവരെയാണ് ഇന്ത്യക്ക് ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ചെറുകിട- ഇടത്തര സംരംഭങ്ങള്‍ തുടങ്ങാന്‍ അഞ്ചു ശതമാനം പലിശയില്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണ് നിലവില്‍ വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ഏഴു ശതമാനം പലിശയ്ക്ക് 50 ലക്ഷം രൂപയായിരുന്നു പദ്ധതിക്കു കീഴില്‍ സംരംഭകര്‍ക്കു കെ.എഫ്.സി. നല്‍കിയിരുന്നത്. ഈ പദ്ധതിയാണ് പലിശ കുറച്ച് വായ്പാ തുക ഉയര്‍ത്തി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. സംരംഭകരെ സംബന്ധിച്ച് മികച്ച അവസാരമാണിത്. പദ്ധതി ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ അനുവദിക്കുക. അഞ്ചു വര്‍ഷംകൊണ്ട് 2,500 പുതിയ സംരംഭങ്ങള്‍ക്കു തുടക്കമിടുകയെന്ന വലിയ ലക്ഷ്യം മുന്നില്‍ കണ്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വര്‍ഷം കുറഞ്ഞത് 500 സംരംഭങ്ങള്‍ക്കു ധനസഹായം ലഭിക്കുമെന്നു സാരം. ഓരോ വര്‍ഷവും കെ.എഫ്.സി. 300 കോടി രൂപ പദ്ധതിക്കായി നീക്കി വെക്കും. പദ്ധതിക്കായി മൂന്നു ശതമാനം സബ്സിഡി കേരള സര്‍ക്കാരും രണ്ടു ശതമാനം സബ്സിഡി കെ.എഫ്.സിയും നല്‍കും.
വായ്പക്കായി സംരംഭങ്ങള്‍ക്ക് എം.എസ്.എം.ഇ. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. മുഖ്യ സംരംഭകന്റെ പ്രായം 50 വയസില്‍ താഴെ ആയിരിക്കണം. പട്ടികജാതി- പട്ടികവര്‍ഗ സംരംഭകര്‍ക്കും, വനിതാ സംരംഭകര്‍ക്കും, പ്രവാസി സംരംഭകര്‍ക്കും പ്രായപരിധി 55 വയസുവരെയാകാം. പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങള്‍ നവീകരിക്കാനും വായ്പ ലഭിക്കും. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ പുനരാവിഷ്‌കരണമാണ് പദ്ധതി.

