ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് എന്‍ഐഎക്ക് കൈമാറണമെന്ന് ബിജെപി നേതാക്കള്‍

തിരുവനന്തപുരം: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ബി ജെ പി നേതാക്കള്‍. പരിശീലനം ലഭിച്ച തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞതിനാല്‍ കേസ് അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന അഭ്യര്‍ത്ഥനയുമായാണ് നേതാക്കളുടെ സന്ദര്‍ശനം.

‘2020 മുതല്‍ സഞ്ജിത്തിനെ വധിക്കാനുള്ള ശ്രമം എസ് ഡി പി ഐ തുടങ്ങിയിരുന്നുവെന്നാണ് വിവരം. എന്നാല്‍, സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്ന് ഇത് തടയാനുള്ള ഒരു ശ്രമവും ഉണ്ടായില്ല. ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ എസ് ഡി പി ഐ സമാനമായ രണ്ട് കൊലപാതകങ്ങളാണ് നടത്തിയിരിക്കുന്നത്. കൊലപാതക കേസ് എന്‍ ഐ എയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയോടും ഇതേ ആവശ്യം ഉന്നയിക്കുകയാണ്. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയില്‍ എസ് ഡി പി ഐ- സിപിഎം കൂട്ടു ഭരണമാണ് നടക്കുന്നത്. ഈ രാഷ്ട്രീയ ഇടപെടലാണ് കേസ് ഇഴഞ്ഞു നീങ്ങാനുള്ള കാരണം’ കെ സുരേന്ദ്രന്‍ ആരോപിച്ചു.

വളരെ ആസൂത്രിതമായ കൊലയാണ് നടന്നതെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിന്റെ സൂചനയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. വലിയ ഗൂഢാലോചന കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നെന്നും വ്യക്തമാക്കി. ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസമാണ് ആര്‍.എസ്.എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27) കൊല്ലപ്പെട്ടത്.