തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും വിവാദങ്ങള്‍ പുകയുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ പരാതി. എന്നാല്‍, പുനസംഘടനയുമായി മുന്നോട്ട് പോകുമെന്നാണ് കെപിസിസി പ്രസിഡന്റിന്റെയും പുതിയ നേതൃത്വത്തിന്റെയും നിലപാട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് പാര്‍ട്ടി ദേശീയ നേതൃത്വത്തെ പ്രതിഷേധം അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സംഘടനാ തിരഞ്ഞെടുപ്പില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് രംഗത്തെത്തിയത് അംഗീകരിക്കില്ലെന്നാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കവും ആരംഭിച്ചു കഴിഞ്ഞു. പുനസംഘടന നീതിയുക്തമല്ലെന്നും തിരഞ്ഞെടുപ്പ് നിഷ്പക്ഷമാവുകയാണ് വേണ്ടതെന്നുമാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്.
കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലി വിട്ട് കൊണ്ടുള്ള പ്രവര്‍ത്തനരീതിയിലും മുതിര്‍ന്ന നേതാക്കള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നേതൃത്വം ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ഗ്രൂപ്പുകള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. പാര്‍ട്ടി ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് കോണ്‍ഗ്രസില്‍ നടക്കുന്ന ഇത്തരം പോരുകള്‍ ഹൈക്കമാന്‍ഡിനെ എത്രയും പെട്ടെന്ന് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

