ന്യൂഡല്‍ഹി: കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് മുല്ലപ്പെരിയാര്‍ വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. കേസിലെ ഹര്‍ജികള്‍ ഒറ്റത്തവണ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത് ഒരു തുടര്‍ച്ചയുള്ള വിഷയമാണ്. വിഷയം കൈകാര്യം ചെയ്യുന്നത് സാഹചര്യം രൂപപെടുന്നതിനനുസരിച്ചായിരിക്കുമെന്നും പുതിയ വസ്തുതകള്‍ വരുമ്പോള്‍ അതുകൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തമിഴ്‌നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന് കേരളം കോടതിയില്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് സത്യവാങ്മൂലത്തിന്റെ വിവരങ്ങള്‍ ലഭിച്ചത്. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ശനിയാഴ്ച രാവിലെയാണു കേരളത്തിന്റെ അഭിഭാഷകനു ലഭിച്ചത്. അതുകൊണ്ടു തന്നെ എന്തു മറുപടി നല്‍കണമെന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നു കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിനെ തമിഴ്നാട് എതിര്‍ത്തില്ല. കേസ് പരിഗണിക്കുന്നതുവരെ ഒക്ടോബര്‍ 28ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ.എം കാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
നവംബര്‍ 22-വരെ ഇടക്കാല സംവിധാനം തുടരുമെന്ന് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിദഗ്ധ സമിതി അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് കഴിഞ്ഞ തവണ ഇറക്കിയ ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. വിദഗ്ധ സമിതി അംഗീകരിച്ച റൂള്‍ കെര്‍വ്വ് പ്രകാരം നവംബര്‍ 20-ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 141 അടിയാണ്.

