‘മരക്കാര്‍’ ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിംഗിന് വേണ്ടി സര്‍ക്കാര്‍ ഇടപെട്ടത് എന്തിന്?

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിഹം’ തിയേറ്ററിലെത്തിക്കാം എന്ന തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തര്‍ എത്തിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് മാറ്റാന്‍ സര്‍ക്കാര്‍ വഹിച്ച പങ്കും ചെറുതല്ല. മന്ത്രി സജി ചെറിയാന്‍, ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് മാറിയത്.

അതോടെ, ഒടിടിയില്‍ റിലീസ് ചെയ്യാനുദ്ദേശിച്ച് മരക്കാര്‍ ഉള്‍പ്പെടെ മോഹന്‍ലാലിന്റെ തന്നെ അഞ്ചു ചിത്രങ്ങളാണ് തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. ഇവയിലൂടെ നിന്നും സര്‍ക്കാരിന്റെ ലാഭം ചെറുതല്ല. നല്ലൊരു നികുതി വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. അഞ്ച് ചിത്രങ്ങളില്‍ നിന്ന് ഏകദേശം 350 കോടി രൂപ കളക്ഷന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ തന്നെ സര്‍ക്കാറിന് വിനോദ നികുതി ഇനത്തില്‍ കിട്ടുക 35 കോടി രൂപയും. ചിത്രങ്ങള്‍ വന്‍ വിജയമായാല്‍ സര്‍ക്കാരിന് കിട്ടുന്ന വരുമാനത്തുകയും അതുപോലെ വര്‍ദ്ധിക്കും. സാംസ്‌കാരിക ക്ഷേമനിധി വിഹിതത്തിലൂടെ കിട്ടുന്നത് ഏതാണ്ട് 15 കോടിയോളം വരും.

നിലവില്‍ തീയേറ്ററുകളില്‍ പകുതി പേര്‍ക്ക് മാത്രമാണ് പ്രവേശനം. എന്നാല്‍, സിനിമാ മേഖലയെ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം അധികം വൈകാതെ ഉണ്ടാവുമെന്നാണ് സൂചന.