മുല്ലപ്പെരിയാര്‍ മരംമുറി വിവാദം; നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പേ ജലവിഭവ വകുപ്പ് അറിഞ്ഞിരുന്നുവെന്നതിന് തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി വിവാദം കത്തുന്നു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 15 മരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പേ തന്നെ ജലവിഭവ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിഞ്ഞിരുവെന്നതിന് പുതിയ തെളിവുകള്‍ പുറത്ത്. മെയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ജലവിഭവ വകുപ്പില്‍ എത്തിയിരുന്നുവെന്നാണ് സര്‍ക്കാരിന്റെ ഇ-ഫയല്‍ രേഖകളില്‍ വ്യക്തമാകുന്നത്.

നവംബര്‍ ഒന്നിന് മരംമുറിക്ക് അനുമതി നല്‍കുന്ന യോഗം ചേര്‍ന്നിട്ടില്ലെന്നും അതിനാല്‍ ഇതിന് മിനുട്ട്‌സ് ഇല്ലെന്നുമുള്ള വാദമാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്. എന്നാല്‍, ജലവിഭവ വകുപ്പില്‍ നിന്ന് മരംമുറിക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വളരെ നേരത്തെ തുടങ്ങിയിരുന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. വനംവകുപ്പില്‍ നിന്നാണ് ഈ ഫയല്‍ എത്തുന്നത്.

ബേബി ഡാമിലെ 23 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഫയല്‍ ജലവിഭവ വകുപ്പിലേക്കെത്തിയത്. മരം മുറിയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മൂന്ന് തവണ യോഗം നടത്തിയെന്ന് ബെന്നിച്ചന്‍ പറയുന്നു. മരം മുറിക്കാനുള്ള അനുമതി വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ 17ന് അന്തര്‍സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട യോഗവും നടന്നു. ഈ യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി 15 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ബെന്നിച്ചന്‍ തോമസ് വനംമന്ത്രിക്ക് നല്‍കിയ വിശീദകരണത്തിലും വ്യക്തമാക്കിയിരുന്നു.