കാലാവസ്ഥാ വ്യതിയാനം മൂലം ദ്വീപുകളെ കടല്‍ കവരുന്നതായി പഠന റിപ്പോര്‍ട്ട്

മട്ടാഞ്ചേരി: ലക്ഷദ്വീപിനെ കടല്‍ വിഴുങ്ങുന്നതായി റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ദ്വീപ് സമൂഹത്തിലെ പ്രധാന ദ്വീപുകളില്‍ കടല്‍ കയറ്റം പ്രകടമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗോരഖ്പൂര്‍ ഐഐടിയിലെ ആര്‍ക്കിടെക്ചര്‍ റീജണല്‍ പ്ലാനിംഗ് വകുപ്പും ഓഷ്യന്‍ എഞ്ചിനീയറിംഗ് നോവല്‍ ആര്‍കിടെക്ചര്‍ വകുപ്പും ചേര്‍ന്നുള്ള സംഘമാണ് പഠനം നടത്തിയത്.

ഓരോ വര്‍ഷവും 0.4 മുതല്‍ 0.9 മില്ലിമീറ്റര്‍ വരെ കടല്‍ ജലനിരപ്പുയരുകയാണ്. ജനവാസമുള്ള 10 ദ്വീപുകളില്‍ ആറു ദ്വീപുകളിലും തീരങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. കടല്‍ കയറ്റം അഗത്തി വിമാനത്താവളത്തിനും ഭീഷണിയായേക്കാം. ചെറുകിട തുറമുഖങ്ങളായ ചെത്‌ലത്, അമിനി ദ്വീപുകള്‍ക്കാണ് തീരഭൂമി ഏറെ നഷ്ടപ്പെട്ടതെന്നാണ് പഠനം വ്യക്തമാക്കുന്നത്.

അമിനി ദ്വീപിന് 60-7- ശതമാനവും ചെത്‌ലതിന് 80 ശതമാനവും വരെ തീരം നഷ്ടപ്പെട്ടു. മിനിക്കോയ്, കവരത്തി ദ്വീപുകള്‍ക്ക് 60 ശതമാനം വരെ തീരദേശ ഭൂമി നഷ്ടമുണ്ടായിട്ടുണ്ടെന്നും പഠനസംഘം വ്യക്തമാക്കുന്നു. ഐഷ ജനറ്റ്, ആതിര കൃഷ്ണന്‍, ഷൈകത്ത് കുമാര്‍ പോള്‍, പ്രസാദ് കെ. ഭാസകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യമായി ഇങ്ങനെയൊരു പഠനം നടന്നത്.