കാത്തിരിപ്പിന് വിരാമം! ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’ ഗംഭീര വരവേല്‍പ്പോടെ ഏറ്റെടുത്ത് സിനിമാ ആരാധകര്‍. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സിനിമയുടെ ഫാന്‍സ് ഷോക്കായി തിയേറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ബിഗ്ബ്ജറ്റ് ചിത്രം കൂടിയാണ് കുറുപ്പ്.
ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് കരുതിയ കുറുപ്പ് തിയേറ്ററിലെത്തിയതിന്റെ ആശ്വാസത്തിലും ആവേശത്തിലുമാണ് തിയേറ്ററുടമകള്‍. മമ്മൂട്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തത്. ആരാധകര്‍ സിനിമ കാണാന്‍ തിയേറ്ററുകളിലെത്തുമോ എന്ന ആശങ്ക അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍, ബുക്കിംഗ് ആരംഭിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ തിയേറ്ററുകള്‍ നിറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം പേര്‍ക്ക് മാത്രമേ തിയേറ്ററില്‍ പ്രവേശനമുള്ളൂ.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖറിനെ കൂടാതെ ഷൈന്‍ ടാം ചാക്കോ, ഇന്ദ്രജിത്ത് സുകുമാരന്‍, ശോഭിത ധുലിപാല, മായാ മേനോന്‍, വിജയരാഘവന്‍, സണ്ണി വെയ്ന്‍, സൈജു കുറുപ്പ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫാര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ചെയ്തിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ്. അരവിന്ദും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.

