തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടബാധ്യതയും ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. കഴിഞ്ഞ മാസം മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്ന 33 ,700 കോടി രൂപ കേരളം വഹിക്കണമെന്ന് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
ധനകാര്യ വകുപ്പ് മുഖേന എ ഡി ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കാനാണ് കേന്ദ്രം ശുപാര്‍ശ ചെയ്തത്. എന്നാല്‍, വായ്പാ തുകയും പദ്ധതിയുടെ പ്രായോഗികതയും ചൂണ്ടിക്കാട്ടി കേന്ദ്രം എതിര്‍പ്പറിയിക്കുകയായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ ലൈന്‍ പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 63,941 കോടിയാണ്. ഇതില്‍ കേന്ദ്രവിഹിതം 2150 കോടി രൂപയാണ്.
കെ റെയില്‍ വികസനത്തിന് അനിവാര്യമാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. കെ റെയില്‍ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ പോരായ്മ കൊണ്ടല്ല പ്രകൃതി ദുരന്തം ഉണ്ടാകുന്നത്. പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. .

