തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് സൈക്കിള്‍ ചവിട്ടി നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് സൈക്കിളില്‍ നിയമസഭയിലെത്തിയത്.
സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഘടകക്ഷികളുടെയെല്ലാം പ്രാതിനിധ്യം ഉറപ്പാക്കിയായിരുന്നു പ്രതിഷേധം. ഇന്ധന നികുതി കുറക്കാത്ത സംസ്ഥാനത്തിന്റെ തീരുമാനം ജനദ്രോഹ നടപടിയാണെന്നു കാണിച്ച് നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധ പരിപാടികള്‍ക്ക് പ്രതിപക്ഷം ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇന്ന് ഇന്ധന നികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കെ. ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക.
മുന്‍പും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറക്കുകയുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായതിനാല്‍ സമര പരിപാടികളും സഭക്കുള്ളിലെ നിലപാടുകളും ശക്തമാക്കുമെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് പ്രതിപക്ഷം.

