മരംമുറി ഉത്തരവ്; വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് സർക്കാർ

pinarayi

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന് പരിസരത്തെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ റദ്ദാക്കിയതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വിവാദ ഉത്തരവിറക്കിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് നടപടി.

വിവാദം ഉയർന്ന പശ്ചാത്തലത്തിൽ നേരത്തെ മരവിപ്പിച്ച ഉത്തരവാണ് സർക്കാർ റദ്ദാക്കിയത്. മുല്ലപ്പെരിയാർ ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാനാണ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് തമിഴ്നാടിന് അനുമതി നൽകിയത്. ഉത്തരവ് മരവിപ്പിച്ചാൽ പോര, റദ്ദാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ബെന്നിച്ചൻ. മറ്റു ഉദ്യോഗസ്ഥർക്ക് വിഷയത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.