തിരുവനന്തപുരം: ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന് നിയതമായ മാര്‍ഗത്തിലൂടെ മാത്രമേ ഇത് നല്കാന് കഴിയൂവെന്നും, അതാണ് കാലതാമസത്തിന് കാരണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അതേസമയം, വിദ്യാകിരണം പദ്ധതിയില്‍ ആര്‍ക്കും വീഴ്ച വന്നിട്ടില്ല. അതിനാല്‍ നടപടിയൊന്നും ആവശ്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. റീ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോള്‍ 4.7 ലക്ഷം കുട്ടികള്‍ക്കാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വേണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കൊവിഡ് കാലമായതിനാല്‍ പദ്ധതിയിലേക്കുള്ള ഫണ്ട് പ്രതിക്ഷിച്ച പോലെ വന്നിട്ടില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. എങ്കിലും പ്രതീക്ഷിച്ച പോലെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷ. ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്കണ്ഠ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്ലസ് വണ്‍ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്കി. പ്രവേശനം ലഭിച്ച കുട്ടികളുടെ സ്കൂള്‍ മാറ്റ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

