സൂപ്പര്‍ 12ലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോറ്റതാണ് ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. എന്നാല്‍, ഇന്ത്യ ഫൈനലിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ‘വ്യക്തിപരമായി ഇന്ത്യ ഫൈനലിലെത്തണമെന്നാണ് എന്റെ ആഗ്രഹം. കാരണം, അങ്ങനെ സംഭവിച്ചാലെ പാക്കിസ്ഥാന് വീണ്ടും ഇന്ത്യയെ തോല്‍പ്പിക്കാനാവൂ എന്നും അക്തര്‍ പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലുണ്ടായാല്‍ അത് ക്രിക്കറ്റിനും ലോകകപ്പിനും തന്നെ വലിയ കാര്യമാണെന്നും’ അക്തര്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
‘പിന്നെ എനിക്ക് പറയാനുള്ളത് എന്തുകൊണ്ടാണ് പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഒറ്റത്തവണ മത്സരിക്കുന്നത്. എന്തുകൊണ്ട് അവര്‍ക്ക് ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടിക്കൂടാ. അതിനിയും സംഭംവിക്കാം. ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയോടെ ഇന്ത്യ പതറിയെങ്കിലും അവരുടെ സാധ്യതകള്‍ പൂര്‍ണമായും അവശേഷിച്ചിട്ടില്ലെന്ന് അവരിപ്പോള്‍ തിരിച്ചറിയുന്നുണ്ട്.’- അക്തര്‍ പറഞ്ഞു.
‘ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയോടെ ഇന്ത്യയുടെ ലോകകപ്പ് അവസാനിച്ചുവെന്ന് പറയുന്നത് തെറ്റാണ്. ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് ഞാന്‍ ആദ്യം മുതലെ എല്ലാവരോടും പറയുന്നതാണ്. ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയോടെ അവരുടെ ലോകകപ്പ് പോരാട്ടങ്ങള്‍ അവസാനിച്ചിട്ടില്ല. പാക്കിസ്ഥാന്‍ ടീമിനോട് എനിക്ക് പറയാനുള്ളത്, ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കരുത്. അവസാന മത്സരത്തില്‍ സ്‌കോട്ലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ഒന്നാമതായി സെമിയിലെത്താനാണ് അവര്‍ ശ്രമിക്കേണ്ടത്.’-അക്തര്‍ അഭിപ്രായപ്പെട്ടു.

