പിണറായി സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരാൻ പോകുന്നത്; മുന്നറിയിപ്പ് നൽകി കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇന്ധനനികുതിയിൽ കേന്ദ്രസർക്കാർ നേരിയ ഇളവ് വരുത്തിയെങ്കിലും ഇളവ് നൽകാത്ത പിണറായി സർക്കാരിനെ പ്രക്ഷോഭങ്ങൾകൊണ്ടും ജനകീയ സമരങ്ങൾകൊണ്ടും മുട്ടുകുത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനനികുതി കുറയ്ക്കുന്നതുവരെ അരങ്ങേറാൻ പോകുന്ന സമരപരമ്പരകൾ മൂലം പിണറായി സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പെട്രോൾ/ ഡീസൽ വിലവർധനവിനെ തുടർന്ന് 2016-21 കാലയളവിൽ പിണറായി സർക്കാർ അധിക നികുതിയിനത്തിൽ മാത്രം 2190 കോടി രൂപ പിഴിഞ്ഞെടുത്തിട്ടാണ് കോവിഡ് കാലത്ത് ജനങ്ങൾ മഹാദുരിതങ്ങളിൽക്കൂടി കടന്നുപോകുമ്പോൾ നയാപൈസയുടെ ഇളവ് അനുവദിക്കാതിരിക്കുന്നത്. സമീപകാലത്ത് 18,355 കോടിരൂപയാണ് ഇന്ധനനികുതിയിനത്തിൽ പിണറായി സർക്കാരിനു ലഭിച്ചത്. മോദി സർക്കാർ ഇന്ധനവിലയും നികുതിയും കുത്തനെ കൂട്ടിയപ്പോൾ അതിനോടൊപ്പം സംസ്ഥാന നികുതി കൂട്ടിയും കേന്ദ്രത്തിന്റെ കൊള്ളമുതലിൽ പങ്കുപറ്റിയുമാണ് സംസ്ഥാന സർക്കാർ ഇത്രയും തുക പോക്കറ്റിലാക്കിയതെന്നും സുധാകരൻ വ്യക്തമാക്കി.

കൊള്ളമുതലിൽ നിന്ന് നയാപൈസ പാവപ്പെട്ടവർക്കു നൽകാൻ കഴിയാത്ത വിധം പിണറായിയുടെ ഹൃദയം കഠിനമായിരിക്കുന്നു. അധികാരം ഇവരെ മത്തുപിടിപ്പിച്ചിരിക്കുകയാണ്. ഹെലിക്കോപ്റ്റർ വാങ്ങാനും കൊലയാളികൾക്കുവേണ്ടിയും പാർട്ടിക്കാർക്കുവേണ്ടിയും ഖജനാവിൽ നിന്ന് കോടാനുകോടി ചെലവഴിക്കുമ്പോഴാണ് ജനങ്ങളെ പുറംകാൽ കൊണ്ടു തൊഴിക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്നതെന്നും ജനങ്ങൾ ഇവരെ പുറംകാൽ കൊണ്ട് തോണ്ടിയെറിയുന്നത് സമീപ ഭാവിയിൽ കേരളം കാണുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡിനെ തുടർന്ന് വരുമാനം നഷ്ടമായി തീ തിന്നുകഴിയുന്ന ജനതയ്ക്ക് തെല്ലെങ്കിലും ആശ്വാസം നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ട്. ഇന്ധനവില വർധനവിനെതിരെ തുടർച്ചയായ സമരങ്ങളും ഹർത്താലുകളും നടത്തിയ സിപിഎമ്മാണ് നികുതി കുറയ്ക്കണ്ടെന്ന് സംസ്ഥാന സർക്കാരിനെ ഉപദേശിക്കുന്നതെന്നും ഇതിൽ നിന്ന് തന്നെ ജനങ്ങളോടുള്ള സിപിഎമ്മിന്റെ ആത്മാർത്ഥത ഇല്ലായ്മ വ്യക്തമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.