ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച തീരുമാനം പിൻവലിച്ച് നവ്ജ്യോത് സിങ് സിദ്ദു. അഹംഭാവം കൊണ്ടല്ല രാജിക്കത്ത് നൽകിയതെന്നും വിശ്വസ്തനായ കോൺഗ്രസ് പ്രവർത്തകനായി എന്നും തുടരുമെന്നും സിദ്ദു വ്യക്തമാക്കി. സെപ്റ്റംബർ 28 നാണ് സിദ്ദു പഞ്ചാബ് പി സി സി അധ്യക്ഷ സ്ഥാനം രാജിവച്ചത്. ചരൺജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു രാജി. രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് സിദ്ദുവിന്റെ രാജി അംഗീകരിച്ചിരുന്നില്ല. നിരവധി തവണ കോൺഗ്രസ് സിദ്ദുവുമായി അനുരജ്ഞന ചർച്ചകൾ നടത്തിയിരുന്നു.
തന്നോട് കൂടി ആലോചിച്ചായിരിക്കണം സംസ്ഥാന സർക്കാർ തീരുമാനങ്ങൾ എടുക്കേണ്ടതെന്ന നിബന്ധന നേരത്തെ സിദ്ദു മുന്നോട്ടുവെച്ചിരുന്നു. എന്നാൽ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ താനുമായി കൂടിയാലോചന നടത്താതിരുന്നതാണ് സിദ്ദുവിനെ പ്രകോപിപ്പിച്ചത്. മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലിയും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിച്ചില്ലെങ്കിലും സിദ്ദു എന്തെങ്കിലും നിബന്ധന മുന്നോട്ടുവെച്ചാൽ സമ്മർദത്തിന് വഴങ്ങേണ്ടെന്ന് ഹൈക്കമാൻഡ് പഞ്ചാബ് മുഖ്യമന്ത്രിക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് സിദ്ദു രാജി പിൻവലിക്കാൻ തീരുമാനിച്ചത്.
അതേസമയം പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാൽ മാത്രമേ താൻ ഓഫീസിലെത്തി ചുമതലയേൽക്കൂവെന്ന നിബന്ധനയും സിദ്ദു മുന്നോട്ടു വെച്ചിട്ടുണ്ട്.

