കൊച്ചി: ഇന്ധന വില വര്‍ദ്ധനവില്‍ കോണ്‍ഗ്രസുകാരുടെ റോഡ് ഉപരോധത്തിനെതിരെ രംഗത്തെത്തിയതിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപം തുടരുന്നു എന്ന് നടന്‍ ജോജു ജോര്‍ജ്. ജോജുവിന്റെ വാഹനം തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൈക്കൂടം സ്വദേശി പി.ജി.ജോസഫിന്റെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് നടന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. തനിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണം എന്നാണ് ജോജുവിന്റെ ആവശ്യം.
ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ പരാതികളുമായി ജോജുവിനെതിരെ രംഗത്തെത്തിയിരുന്നു. നടന്‍ മാസ്‌ക് ഉപയോഗിക്കാതെ നിരത്തിലിറങ്ങിയതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് സിറ്റി പോലീസ് കമ്മിഷണറെ സമീപിച്ചിരുന്നു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചതിലും നിയമ ലംഘനം നടത്തിയെന്നും പരാതി ഉയര്‍ന്നിരുന്നു.
അതേസമയം, മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകളില്‍ കേസെടുത്തിട്ടുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേരത്തെ ഒത്തു തീര്‍പ്പു ചര്‍ച്ചക്ക് ശ്രമം നടത്തിയിരുന്നു.

