ഇന്ധന നികുതി കുറക്കേണ്ടതില്ല; പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി കുറക്കേണ്ടതില്ലെന്ന് സിപിഎം യോഗത്തില്‍ തീരുമാനം. കേന്ദ്രം നികുതി കുറച്ചതിന് പുറമേ വിവിധ ബിജെപി ഭരണ സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു.

ഏതാനും മാസങ്ങള്‍ കൊണ്ട് 30 രൂപയാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ കുറച്ചത് വളരെ തുച്ഛമായ സംഖ്യയാണ്. പോക്കറ്റടിച്ച് വണ്ടിക്കൂലിക്ക് കാശ് തിരികെ നല്‍കുന്നത് പോലെയുള്ള നടപടിയാണ് കേന്ദ്രത്തിന്റേത് എന്ന് ധനമന്ത്രി നേരത്തെ വിമര്‍ശിച്ചിരുന്നു. മുഖം മിനുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നതാണ് സിപിഎംന്റെ നിലപാട്. ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് സംസ്ഥാനം പെന്‍ഷനും ശമ്പളവുമടക്കമുള്ള ചിലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. കൊവിഡ് കാരണം സംസ്ഥാനം വളരെ പ്രതിസന്ധിയിലാണെന്നാണ് ഇന്ധന വില കുറക്കാതിരിക്കാന്‍ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്. ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ സാഹചര്യം വിശദീകരിക്കാനും നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ സംസ്ഥാന കമ്മറ്റി യോഗം ചുമതലപ്പെടുത്തി.