സംസ്ഥാനം ഇന്ധന നികുതി കുറച്ചില്ലെങ്കില്‍ സമരം ശക്തമാക്കും’; കെ. സുധാകരന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. വൈകിയാണെങ്കിലും ഇങ്ങനെയൊരു സദ്ബുദ്ധി തോന്നിയതിന് സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് സുധാകരന്‍ വ്യക്തമാക്കി.

കേന്ദ്രം ഇന്ധനവില കുറച്ചില്ലായിരുന്നുവെങ്കില്‍ രാജ്യം വന്‍ പ്രതിഷേധങ്ങളിലേക്ക് പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആനുപാതികമായി സംസ്ഥാന സര്‍ക്കാരും നികുതി കുറക്കണമെന്ന് സുധാകരന്‍ പറഞ്ഞു. ‘കേന്ദ്രം മാത്രം കുറക്കാന്‍ ശ്രമിച്ചാല്‍ വില കുറയില്ലെന്നും, സംസ്ഥാന സര്‍ക്കാരും നികുതി കുറക്കാന്‍ തയ്യാറാവണമെന്നും, ഇല്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളല്ല, സമരം ജനങ്ങള്‍ ഏറ്റെടുക്കുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുമ്പ് കാണിച്ച മാതൃക പിണറായി സര്‍ക്കാര്‍ പിന്തുടരണമെന്നുമാണ് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.