തിരുവനന്തപുരം: നമ്മുടെ വീടുകളിലും വഴിയോരങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടിയായ മണിത്തക്കാളി (സോലാനം നിഗ്രം) യുടെ ഇലകള്‍ക്ക് കരളിനെ അനിയന്ത്രിതമായ കോശവളര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ രാജീവ്ഗാന്ധി സെന്‍റര്‍ ഓഫ് ബയോടെക്നോളജിയിലെ ഗവേഷകര്‍ പറയുന്നു. ഈ ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്ബി എന്ന സംയുക്തം കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമാണെന്നാണ് ഗവേഷണ ഫലം. ഇതിന് അമേരിക്കയുടെ എഫ്ഡിഎയില്‍ നിന്ന് ഓര്‍ഫന്‍ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു.
അര്‍ബുദം ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങളുടെ ചികിത്സയില്‍ ഈ ഗവേഷണം വഴിത്തിരിവാണെന്ന് തെളിയിക്കുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ഇന്നത്തെ ജീവിതശൈലി കാരണം കരളിന് അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് തെളിഞ്ഞതിനാല്‍ ആര്‍ജിസിബിയുടെ പുതിയ കണ്ടെത്തലിന് പ്രധാന്യമേറെയാണ്. കരള്‍ രോഗവുമായി ബന്ധപ്പെട്ട് വര്‍ഷാവര്‍ഷം 9 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 8 ലക്ഷം പേര്‍ മരിക്കുകയും ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
നാലടിയോളം ഉയരത്തില്‍ വളരുന്ന ചെറു ശിഖരങ്ങളോട് കൂടിയ വഴുതനയുടെ വര്‍ഗ്ഗത്തില്‍ പെട്ട സസ്യമാണ് മണിത്തക്കാളി. ഇത് പ്രകൃതി ചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

