അര്‍ഹരായവര്‍ക്ക് സ്വന്തം വീടിന്റെ തണല്‍; ലൈഫ് മിഷന്‍ പട്ടിക ഡിസംബറില്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ പട്ടിക ഡിസംബര്‍ 1ന് പ്രസിദ്ധീകരിക്കുമെന്നും അര്‍ഹരായവര്‍ക്കെല്ലാം വീട് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. തിരഞ്ഞെചുപ്പ് കാരണമാണ് പദ്ധതി വൈകിയതെന്നും മന്ത്രി അറിയിച്ചു. എന്നാല്‍, ലൈഫ് മിഷന്‍ പദ്ധതി സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമായ ഭവനം നല്‍കുന്നതോടൊപ്പം ഭവനത്തിന്റെ ഉടമസ്ഥാവകാശവും സ്ത്രീകള്‍ക്ക് നല്‍കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.ഉടമസ്ഥാവകാശം സ്ത്രീകള്‍ക്ക് നല്‍കുന്നതിലൂടെ സ്ത്രീശാക്തീകരണ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് കുടുംബശ്രീ കാഴ്ച വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഗുണഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഭവനം നല്‍കുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിത നിലവാരവും പദ്ധതിയിലൂടെ ഉറപ്പു വരുത്തും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന-പദ്ധതിയുമായുള്ള സംയോജനത്തിലൂടെ 7490 കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഗ്യാസ് കണക്ഷനും 17603 കുടുംബങ്ങള്‍ക്ക് സൗജന്യമായി എല്‍ ഇ ഡി വിളക്കുകളും അനുവദിച്ചു കഴിഞ്ഞു. ഇതിന് പുറമെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്നുകൊണ്ട് ഓരോ ഗുണഭോക്തൃ കുടുംബത്തിനും 90 അധിക തൊഴില്‍ദിനങ്ങളും അതിലൂടെ 26190 രൂപയുടെ അധിക സാമ്പത്തിക സഹായവും ലഭ്യമാക്കാനുമായെന്നും മന്ത്രി ്അവകാശപ്പെട്ടു.