തിരുവനന്തപുരം: വഴി തടയല്‍ സമര രീതിയോട് വ്യക്തിപരമായി എതിര്‍പ്പാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. അതേസമയം, കൊച്ചിയിലെ പ്രതിഷേധ സമരത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ ഇന്ധന വില വര്‍ദ്ധനക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധത്തില്‍ നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചതിന് പുറമെ സമരം വിവാദമായി മാറുകയായിരുന്നു. രണ്ട് മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ജോജു പ്രതികരിക്കുകയായിരുന്നു. ‘ഇന്ധന വില വര്‍ദ്ധനക്കെതിരെ സമരം ചെയ്യണം, പക്ഷേ ഇതല്ല അതിനുള്ള വഴി’ എന്നും ജോജു സമരക്കാരോട് കയര്‍ത്തു.
സാധാരണ ജനങ്ങളും രംഗത്തെത്തിയതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ‘ദിവസേന ഇന്ധന വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ സമരം വേണമെന്ന സമ്മര്‍ദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതിനെ തുടര്‍ന്നാണ് സമരം നടത്തിയത്. എന്നാല്‍, വഴി തടയല്‍ സമരത്തിന് വ്യക്തിപരമായി എതിരാണെന്നും’ സതീശന്‍ വിശദീകരിച്ചു.

