മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്ന കേരള സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ അവഗണിച്ചു; കടകംപളളി സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി മുൻ മന്ത്രി കടകംപളളി സുരേന്ദ്രൻ. മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്ന കേരള സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ അവഗണിച്ചുവെന്നാണ് കടകംപള്ളിയുടെ ആരോപണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് വർഷം മുമ്പ് മാർപാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി അദ്ദേഹത്തെ സന്ദർശിച്ചു. പുരോഗമന നിലപാടുകൾ ഉയർത്തി പിടിച്ചിരുന്ന അദ്ദേഹത്തിന് നവോത്ഥാന കേരളത്തിന്റെ സ്‌നേഹ സമ്മാനങ്ങളും നൽകുകയുണ്ടായി. കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് അദ്ദേഹം കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അറിയിച്ചുവെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്നും കേരള സർക്കാർ അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യം അവഗണിക്കുകയായിരുന്നുവെന്നും കടകംപള്ളി ഫേസബുക്കിൽ കുറിച്ചു.

വൈകിയാണെങ്കിലും മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരിക്കുകയാണ്. പ്രധാനമന്ത്രി മാർപ്പാപ്പയെ നേരിട്ട് സന്ദർശിച്ചു ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നു. മാർപ്പാപ്പക്ക് ഇന്ത്യയിലേക്ക് സ്വാഗതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.