തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി അനുപമ. ദത്ത് വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ അജിത്തിനെ അധിക്ഷേപിച്ചതിനാണ് മന്ത്രിക്കെതിരെ അനുപമ പരാതി നൽകിയത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ഇല്ലാക്കഥകൾ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നാണ് അനുപമയുടെ ആരോപണം. ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
സ്ത്രീ മുന്നേറ്റത്തിനു വേണ്ടി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന സ്ത്രീകളുടെ നാടകകളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുെേട പരാമർശങ്ങൾ. കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണിതെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്.
ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും തങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. തനിക്കും മൂന്നു പെൺകുട്ടികളായത് കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്? ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അനുപമ പോലീസിനെ സമീപിച്ചത്.

