തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളുടെ യാത്രസംബന്ധിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചതായി മന്ത്രി ആന്റണി രാജു. ഇന്ത്യയില്‍ ആദ്യമായി സ്റ്റുഡന്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് പ്രോട്ടോക്കോള്‍ ഗതാഗത വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.സ്‌കൂള്‍ അധികൃതരും, ബസ് ജീവനക്കാരും, കുട്ടികളും പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ചാണ് ഇത് വ്യക്തമാക്കുന്നത്.
ബസിനുള്ളില്‍ തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ കരുതണം.
ഡോര്‍ അറ്റന്‍ഡര്‍ കുട്ടികളുടെ ടെംപറേച്ചര്‍ പരിശോധിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണം.കുട്ടികള്‍ എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. ബസുകള്‍ എല്ലാ ദിവസവും അണു നാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.
ഏറെ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ ബസുകള്‍ റിപ്പയര്‍ ചെയ്ത് ഫിറ്റ്‌നസ് പരിശോധനയും ട്രയല്‍ റണ്ണും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം ബസുകള്‍ ഉളള സ്‌കൂളുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിവരികയാണ്.
ഓണ്‍ലൈനായിട്ട് ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും നേരിട്ടും പരിശീലനം നല്‍കും. സ്‌കൂള്‍ ബസുകള്‍ നന്നാക്കാന്‍ കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പുകളുടെ സൗകര്യം സ്‌കൂളുകള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കെഎസ്ആര്‍ടിസി ആരംഭിച്ച ബോണ്ട് സര്‍വ്വീസുകള്‍ ആവശ്യപ്പെടുന്ന സ്‌കൂളുകള്‍ക്ക് നല്‍കും. ദൂരവും ട്രിപ്പുകളും പരിഗണിച്ച് പ്രത്യേക നിരക്കിലായിരിക്കും സര്‍വ്വീസ് നടത്തുകയെന്നും സ്‌കൂള്‍ ബസുകളേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഗ്രാമവണ്ടി ഉടന്‍ തന്നെ ഓടിത്തുടങ്ങും. ഇതോടെ സംസ്ഥാനത്തെ ഉള്‍പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികളെ കയറ്റാന്‍ വിസമ്മതിക്കുന്ന
സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

