ഹോമിയോ മരുന്നിനെതിരെ വ്യാജപ്രചാരണങ്ങളുമായി ഐഎംഎ; നടപടി വേണമെന്ന് ഹോമിയോ ഡോക്ടര്‍

കണ്ണൂര്‍: ഹോമിയോ മരുന്നിനെതിരെ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്ന ഐ.എം.എ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ക്യുഫ. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയനുസരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിരോധത്തിനായി നല്‍കുന്ന ആര്‍സനിക്കം ആല്‍ബം എന്ന ഹോമിയോ മരുന്ന് വിഷമാണെന്നാണ് ഐ.എം.എ പറയുന്നത്.ഇതിനെതിരെ നടപടി വേണമെന്നാണ് ഹോമിയോ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.

ആര്‍സനിക്കം ആല്‍ബം കുട്ടികളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും അതിനാല്‍ കുട്ടികള്‍ക്ക് കൊടുക്കരുതെന്നുമാണ് ഐ.എം.എ പറയുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ആര്‍സനിക്കം ആല്‍ബം 30 ആണ്. ഇത് രണ്ടും രണ്ട് മരുന്നാണ്. ആര്‍സനിക്കം ആല്‍ബം 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കാന്‍ തുടങ്ങിയതാണെന്നും സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ ഈ മരുന്നാണ് നല്‍കുന്നതെന്നും സംഘടന വ്യക്തമാക്കി.

ഹോമിയോപതി ചികിത്സാരീതി കൂടുതല്‍ ജനകീയമാവുകയും അലോപ്പതി ഉപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ ഹോമിയോ മരുന്ന് തിരഞ്ഞെടുത്തതുമാണ് ഐ.എം.എയിലെ ചില വിഭാഗം ഡോക്ടര്‍ ഹോമിയോ മരുന്നിനെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നത്. ഈ മരുന്നിന്റെ പ്രതിരോധ ശേഷി പരിശോധിച്ച് അറിഞ്ഞതിന് ശേഷമാണ് കുട്ടികള്‍ക്ക് ഇത് നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഐ.എം.എ ശ്രമിക്കുന്നത് കരുതലോടെ മുന്നോട്ട് എന്ന പദ്ധതിക്ക് തടസ്സം സൃഷ്ടിക്കാനാണ്.

ക്യുഫ(ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപത്‌സ് അസോസിയേഷന്‍) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ. അശ്വിന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ആഷിഖ്, മുന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുഭാഷ്,കണ്ണൂര്‍ ചാപ്റ്റര്‍ സെക്രട്ടറി ഡോ.ബിന്ദു ജയന്‍,എക്‌സി. കമ്മറ്റി അംഗം ഡോ.മനോജ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.