സ്വകാര്യ ബസുകാരുടെ അമിത വേഗം നിയന്ത്രിക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: സ്വകാര്യ ബസുകള്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്വകാര്യ ബസുകാരുടെ അമിത വേഗം നിയന്ത്രിക്കുന്നതിനും ബസ് ജീവനക്കാരുടെ അതിക്രമം തടയുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. വടകര സ്വദേശി ടി.പി. വിജീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസം കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ അമിത വേഗതയില്‍ ഓടുന്ന മസാഫി എന്ന് പേരുള്ള സ്വകാര്യ ബസിലെ ജീവനക്കാരെ ചോദ്യം ചെയ്തതിന് വിജീഷിന് മര്‍ദ്ദനമേറ്റിരുന്നു. ഇതേതുടര്‍ന്നാണ് പരാതി നല്‍കിയത്.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ബസുകളുടെ കുതിച്ചോട്ടവും ബസ് ജീവനക്കാരുടെ അതിക്രമവും തടയുന്നതിന് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ഉത്തരവില്‍ വ്യക്തമാക്കി. വിജീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങി.

അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബസ് ജീവനക്കാര്‍ തന്നെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തനിക്ക് രണ്ടാഴ്ച ജോലിക്ക് പോകാനായില്ല. ചികിത്സക്കായി ഏറെ പണം ചെലവായെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.