അമിത് ഷായുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനം; ജമ്മുകശ്മീരില്‍ വന്‍ സുരക്ഷാ സന്നാഹം

ശ്രീനഗര്‍:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി വന്‍ സുരക്ഷാ സന്നാഹം. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് കേന്ദ്ര മന്ത്രി എത്തുന്നത്. മന്ത്രി താമസിക്കുന്ന കശ്മീരിലെ ഗുപ്കാര്‍ റോഡിലെ രാജ്ഭവന് ചുറ്റുമുള്ള 20 കിലോമീറ്റര്‍ പരിധി സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

സുരക്ഷ സംബന്ധിച്ച് രഹസ്യാന്വേഷണ ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, ബിഎസ്എഫ് മേധാവി പങ്കജ് സിങ്, സിഎര്‍പിഎഫ്, എന്‍എസ്ജി മേധാവികള്‍ ജമ്മുകശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അമിത് ഷായുമായി ചര്‍ച്ച നടത്തും.

കശ്മീരില്‍ ഭീകരാക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. ഭീകരര്‍ കൊലപ്പെടുത്തിയ സാധാരണക്കാരുടെ കുടുംബങ്ങളെയും മന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്നണ് സുരക്ഷാ അവലോകനം നടക്കുക.

ഞയറാഴ്ച ജമ്മുവില്‍ എത്തുന്ന മന്ത്രി അവിടെ പൊതുറാലിയില്‍ പങ്കെടുത്ത ശേഷം വീണ്ടും ശ്രീനഗറിലേക്ക് തിരിച്ച് എത്തും. തുടര്‍ന്ന് തദ്ദേശ ജനപ്രതിനിധികളുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

കേന്ദ്ര മന്ത്രിയുടെ വരവിന് മുമ്പായി ശ്രീനഗറില്‍ സിആര്‍പിഎഫ് മോട്ടോര്‍ ബോട്ടുകോളും ഡ്രോണുകളും ഉപയോഗിച്ച് വിശദമായ പരിശോധന നടത്തിയിരുന്നു. സ്നൈപ്പര്‍മാരേയും ഷാര്‍പ്പ്ഷൂട്ടര്‍മാരേയും തന്ത്രപ്രധാന മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. പരിശോധന കൂടാതെ ഒരു വാഹനവും കടത്തിവിടില്ലെന്നും കാല്‍നട യാത്രികരേയും പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന് പുറമെ സിആര്‍പിഎഫിന്റെ പത്ത് കമ്പനി ജവാന്മാരും ബിഎസ്എഫിന്റെ 15 ടീമുകളുമാണ് ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലെത്തിയിട്ടുള്ളത്.

ശ്രീനഗറില്‍ ഇന്ന് എത്തുന്ന അമിത് ഷായുടെ ആദ്യ പരിപാടി ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യുകയാണ്.