തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിക്കാൻ നിരാഹാരം സമരം നടത്താനൊരുങ്ങി അമ്മ അനുപമ എസ് ചന്ദ്രൻ. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കാനാണ് അനുപമയുടെ തീരുമാനം. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെയാണ് അനുപമ ഇക്കാര്യം വ്യക്തമാക്കിയത്.
അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അമ്മയ്ക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണ് പ്രാധാന്യം നൽകുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.എഴുതിക്കിട്ടിയ പരാതിയിലെ നടപടി എടുക്കാനാകൂ എന്ന ശിശുക്ഷേമ സമിതി ചെയർപേഴ്‌സന്റെ വാദം മന്ത്രി തള്ളുകയും ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച് തന്റെ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമ നൽകിയ പരാതി.

