അമൃത്സർ: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സുഹൃത്തായ പാക് വനിതാ മാദ്ധ്യമ പ്രവർത്തക അറൂസ ആലമിന് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കാനൊരുങ്ങി പഞ്ചാബ് സർക്കാർ. പഞ്ചാബ് ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖജീന്ദർ രൺദാവയാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റൻ അമരന്ദീർ സിംഗ് ഇപ്പോൾ പറയുന്നത് തനിക്ക് ഐഎസ്‌ഐ ഭീഷണിയുണ്ടെന്നാണ്, ഞങ്ങൾ അത് പരിശോധിക്കുന്നുണ്ടെന്നും അതിൽ എന്തെങ്കിലും സ്ത്രീക്ക് കണക്ഷനുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനിൽ നിന്നും വരുന്ന ഡ്രോൺ ഭീഷണി 4-5 വർഷമായി ഉയർത്തിയത് ക്യാപ്റ്റനാണ്. ആദ്യം ക്യാപ്റ്റൻ ആ വിഷയം ഉയർത്തിയെന്നും ഇപ്പോൾ ബിഎസ്എഫ് വിന്യാസം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അറൂസ ആലമും ഐഎസ്‌ഐയുമായുള്ള ബന്ധം ഡിജിപി തലത്തിൽ പരിശോധിക്കുമെന്നും സുഖജീന്ദർ വിശദമാക്കി. പഴയകാല പാകിസ്ഥാൻ രാഷ്ട്രീയ നേതാവ് അക്വലിം അക്തറിൻറെ മകളാണ് അറൂസ ആലം. അമരീന്ദർ സിംഗിനെ 2004 ലെ പാക് സന്ദർശന വേളയിലാണ് ഇവർ ആദ്യമായി പരിചയപ്പെടുന്നതെന്നാണ് വിവരം.
അതേസമയം പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന് ഐഎസ്‌ഐ പാകിസ്ഥാൻ ബന്ധങ്ങളുണ്ടെന്ന് ഡൽഹി സന്ദർശനത്തിനിടെ അമരീന്ദർ സിംഗ് ആരോപിച്ചിരുന്നു. തനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

