ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയത്തില്‍ 47 പേരാണ് ഇതുവരെ മരിച്ചത്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മേഘ വിസ്ഫോടനവും അനിയന്ത്രിതമായ മഴ മൂലം നൈനി നദി കരകവിഞ്ഞൊഴുകുകയും ഇതോടെ നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെടുകയും ചെയ്തു.അപകടത്തെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതവും, വീട് നഷ്ടപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും അടിയന്തര സഹായം പ്രഖ്യാപിച്ചു.
കേന്ദ്ര- സംസ്ഥാന സേനകളും എന്‍ഡിആര്‍എഫും ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബദരിനാഥ് ചാര്‍ധാം യാത്രയില്‍ പങ്കെടുക്കാനെത്തിയ തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും പ്രളയത്തെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുകയാണ്. സ്ഥലത്ത് നിന്ന് ഇവരെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിക്കാന്‍ ഇരിക്കുകയാണ്.
നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. നൈനിറ്റാളിലേക്കുള്ള റെയില്‍ പാളങ്ങളും നദിക്കു കുറുകേ നിര്‍മിച്ചിരുന്ന പാലവും ഒലിച്ചുപോയി.കാത്‌ഗോദാം റെയില്‍വ്വേ സ്റ്റേഷന്‍ പൂര്‍ണമായും തകര്‍ന്നുവെന്നും യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ധാമിയുമായി ഫോണില്‍ സംസാരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുകയും ചെയ്തു.

