കശ്മീരില്‍ ഇതരസംസ്ഥാനക്കാരെ കൊന്നൊടുക്കി ഭീകരര്‍; ഒരു മാസത്തിനിടെ ജീവന്‍ നഷ്ടമായത് 11 പേര്‍ക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഭീകരര്‍ ലക്ഷ്യമാക്കിയതോടെ ഭീതിയില്‍ ജനങ്ങള്‍. ഞായറാഴ്ച ബിഹാറില്‍ നിന്നുള്ള രണ്ടു തൊഴിലാളികളെ ഭീകരര്‍ വെടിവച്ചു കൊന്നു.

കുല്‍ഗാം ജില്ലയിലെ വാന്‍പോഹിലാണ് രണ്ട് ബിഹാറി തൊഴിലാളികളെ ഭീകരര്‍ വെടിവച്ചു കൊന്നത്. ഒരാള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ശനിയാഴ്ച ബിഹാറില്‍നിന്നുള്ള വഴിയോര കച്ചവടക്കാരനെയും യുപിയില്‍നിന്നുള്ള ഒരു മരപ്പണിക്കാരനെയും ഭീകരര്‍ കൊന്നിരുന്നു. ശ്രീനഗറില്‍ പാനിപുരി വിറ്റിരുന്ന അര്‍ബിന്ദ് കുമാര്‍ ഷാ എന്നയാളെ തൊട്ടടുത്തുനിന്നു വെടിവച്ചു വീഴ്ത്തുകയായിരുന്നു.

ഇതോടെ ഈ മാസം കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി. ഇതില്‍ അഞ്ച് പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ കശ്മീരില്‍നിന്നു തുരത്തിയോടിക്കുകയെന്ന് ലക്ഷ്യത്തോടെയാണു ഭീകരരുടെ നീക്കമെന്നാണു വിലയിരുത്തല്‍.

ദിവസങ്ങള്‍ക്കു മുമ്പ് പണ്ഡിറ്റ് വിഭാഗത്തില്‍പ്പെട്ട പ്രമുഖ വ്യവസായി മഖന്‍ ലാല്‍ ബിന്ദ്രു ഉള്‍പ്പെടെ നിരവധി പേരെ ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു. ഇതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.

പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിപ്രകാരം തൊഴില്‍ നേടി കശ്മീര്‍ താഴ്വരയിലേക്കു മടങ്ങിയെത്തിയ പണ്ഡിറ്റ് കുടുംബങ്ങള്‍ ഉള്‍പ്പെടെ വീണ്ടും ക്യാംപുകളിലേക്കു മടങ്ങുന്ന സ്ഥിതിയാണുള്ളത്. മേഖലയില്‍ അതിശക്തമായ തിരച്ചില്‍ ആരംഭിച്ചുവെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5 ഭീകരരെ വകവരുത്തിയെന്നും ഐജി വിജയ്കുമാര്‍ പറഞ്ഞു.