അഫ്ഗാൻ വിഷയത്തിൽ വിവിധ രാജ്യങ്ങളുടെ ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ കൂടുതൽ നടപടികളുമായി ഇന്ത്യ. അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ വേണ്ടി വിവിധ രാജ്യങ്ങളുടെ ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യ, ചൈന, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. നവംബർ രണ്ടാം വാരത്തോടെയായിരിക്കും യോഗം നടക്കുകയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യോഗത്തിൽ ആരെല്ലാം പങ്കെടുക്കുമെന്നസ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല. യോഗത്തിൽ പങ്കെടുക്കാൻ താലിബാനെ ക്ഷണിക്കില്ലെന്നാണ് വിവരം. എന്നാൽ പാകിസ്താനെ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചേക്കും. അതേസമയം ഒക്ടോബർ 20 ന് താലിബാനുമായി ബന്ധപ്പെട്ട് റഷ്യയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഇന്ത്യയും പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ താലിബാൻ പ്രതിനിധികളും പങ്കെടുക്കും. മോസ്‌കോയിൽ വെച്ച് അഫ്ഗാനുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് താലിബാൻ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.