ഇത് ഞങ്ങള്‍ക്കും അഭിമാനം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനനന്ദനവുമായി മമ്മൂട്ടിയും മോഹന്‍ലാലും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അഭിനന്ദനങ്ങള്‍ പങ്കുവച്ചത്.

‘സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘നമ്മുടെ സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ അവരുടെ കഴിവുകളാല്‍, ഞങ്ങള്‍ക്കും അഭിമാനിക്കാന്‍ ഇടയാക്കിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ജയസൂര്യയ്ക്കും അന്ന ബെന്നിനും അവരുടെ മികച്ച പ്രകടനത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍!’ എന്നാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമയായി ഇത്തവണ തെരഞ്ഞെടുത്തത്. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി.

മികച്ച സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയാണ്. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയമാണ്. നവാഗത സംവിധായകനുള്ള അവാര്‍ഡ് കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ കരസ്ഥമാക്കി. ആഖ്യാനത്തിന്റെ പിരിയന്‍ ഗോവണികള്‍ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രന്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍ എന്ന ലേഖനത്തിന് ജോണ്‍ സാമുവല്‍ മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് നേടി.