വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രത്തിലെ മഞ്ഞുമലയില്‍ എന്‍സിസിയുടെ ആദ്യത്തെ വൈമാനിക പരിശീലനകേന്ദ്രം നവംബര്‍ ഒന്നിനു പ്രവര്‍ത്തനം ആരംഭിക്കും. ശബരിമല വിമാനത്താവളത്തിനു പ്രാഥമിക അനുമതി നല്‍കിയില്ലെങ്കിലും സന്നിധാനത്തിനു വിളിപ്പാടകലെയുള്ള സത്രം എയര്‍സ്ട്രിപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ ശബരിമല വിമാനത്താവളത്തിനും അനുമതി ലഭിക്കുമെന്നാണു കരുതുന്നത്. സത്രത്തിലെ മൈക്രോലൈറ്റ് എയര്‍സ്ട്രിപ്പിനു ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റെ ലൈസന്‍സ് ലഭിച്ചിട്ടുണ്ട്.
പൊതുമരാമത്തു വകുപ്പാണ് എന്‍സിസി എയര്‍ വിങ് കെഡറ്റുകള്‍ക്കു പരിശീലനം നല്‍കാന്‍ എയര്‍ സ്ട്രിപ് രൂപകല്‍പന ചെയ്തിരിക്കുന്നത്. നവംബര്‍ ഒന്നിനു മുഖ്യമന്ത്രി എയര്‍ സ്ട്രിപ് രാജ്യത്തിനു സമര്‍പ്പിക്കും.
എന്‍സിസി കെഡറ്റുകള്‍ക്കു വൈമാനിക പരിശീലനം നല്‍കുന്ന രാജ്യത്തെ ആദ്യത്തെ പരിശീലനകേന്ദ്രമാണു സത്രത്തിലേത്. പ്രതിവര്‍ഷം ആയിരത്തോളം എന്‍സിസി കെഡറ്റുകള്‍ക്കു സത്രം എയര്‍സ്ട്രിപ്പില്‍ പരിശീലനം നല്‍കാന്‍ സാധിക്കും.
ഇടുക്കി ജില്ലയ്ക്കു മുന്‍ഗണന ലഭിക്കുമ്പോഴും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 15 എന്‍സിസി ബറ്റാലിയനുകള്‍ക്കും പരിഗണന നല്‍കിയിട്ടുണ്ട്.

