യോനോ ആപ്പിന്റെ പേരില്‍ വ്യാപക തട്ടിപ്പ് ; കരുതിയിരിക്കണമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്കാണെന്നു കാണിച്ചു എസ്എംഎസിലൂടെ തെറ്റിദ്ധരിപ്പിച്ചു സംസ്ഥാനത്ത് വ്യാപകമായി തട്ടിപ്പു നടക്കുന്നതായി സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നൂറു കണക്കിനു പേരാണു തട്ടിപ്പിനിരയായത്. തൃശൂരില്‍ തട്ടിപ്പിനിരയായവരില്‍ ഒരു എസ്ഐയും ഉള്‍പ്പെടും എന്നതാണ് തട്ടിപ്പിന്റെ വ്യാപ്തി കാണിക്കുന്നത്.

ബാങ്ക് അക്കൗണ്ട് ബ്ലോക്കാണ്, യോനോ ആപ് പ്രവര്‍ത്തനരഹിതമാണ്, നെറ്റ് ബാങ്കിങ് സേവനം നിലയ്ക്കും തുടങ്ങിയ വ്യാജ മുന്നറിയിപ്പോടെയുള്ള മൊബൈല്‍ എസ്എംഎസിലൂടെയാണു തട്ടിപ്പ്. ഇതു പരിഹരിക്കാന്‍ ഇകെവൈസി (ഇടപാടുകാരന്റെ വിശദാംശങ്ങള്‍) വിവരങ്ങള്‍ നല്‍കാനായി തട്ടിപ്പുകാരുടെ സൈറ്റിലേക്കുള്ള ലിങ്കും ഇതേ എസ്എംഎസിലുണ്ടാകും. ഇതില്‍ ക്ലിക് ചെയ്യുന്നവര്‍, എസ്ബിഐയുടേതിനു തീര്‍ത്തും സമാനമായ വ്യാജ വെബ്സൈറ്റിലാണെത്തുക. പാന്‍ കാര്‍ഡ് നമ്പര്‍, യൂസര്‍ ഐഡി, പാസ്വേഡ് എന്നിവ നല്‍കാനാണ് ആവശ്യപ്പെടുന്നത്. അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ട്.

വ്യാജ സൈറ്റ് എസ്ബിഐയുടേതെന്നു തെറ്റിദ്ധരിച്ച്, ഇടപാടുകാര്‍ വിശദാംശങ്ങളെല്ലാം നല്‍കും. വെരിഫിക്കേഷനെന്ന പേരില്‍ എസ്എംഎസ് ആയി ഒടിപി (വണ്‍ടൈം പാസ്വേഡ്) ലഭിക്കും. ഇടപാടുകാരന്‍ ഒടിപി ഇതേ സൈറ്റില്‍ രേഖപ്പെടുത്തുന്നതോടെ, അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കപ്പെടും.

ഡല്‍ഹി, ബിഹാര്‍, യുപി എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്നാണു തുകകളെല്ലാം പിന്‍വലിച്ചിരിക്കുന്നതെന്നു സൈബര്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുടക്കത്തില്‍ ഒരേ വെബ്സൈറ്റ് വഴിയായിരുന്നു സംസ്ഥാനത്തെ എല്ലാ തട്ടിപ്പുകളും നടത്തിയത്. നിലവില്‍, പല സൈറ്റുകളാണുപയോഗിക്കുന്നത്.

ഒരു വെബ്സൈറ്റ് പൊലീസ് ബ്ലോക്ക് ചെയ്യുമ്പോഴേക്കും മറ്റൊരെണ്ണം തുറന്നിട്ടുണ്ടാകും. പല സംഘങ്ങള്‍ ഇതിനു പിറകിലുണ്ടെന്നു സൈബര്‍ പൊലീസ് സംശയിക്കുന്നു. ഫോണ്‍ വിളിച്ച് എസ്എംഎസ് ചോദിക്കാത്തതും യഥാര്‍ഥ എസ്ബിഐ വെബ്സൈറ്റിനെ വെല്ലുന്ന തരത്തിലുള്ളതാണു തട്ടിപ്പുകാരുടെ സൈറ്റെന്നതുമാണു തട്ടിപ്പിനിരയായവരില്‍ തീരെ സംശയം ജനിപ്പിക്കാതിരുന്നത്.

ഇ മെയില്‍, സമൂഹമാധ്യമങ്ങള്‍, എസ്എംഎസ് എന്നിവയിലൂടെ ലഭിക്കുന്ന ഇത്തരം ലിങ്കുകളില്‍ ക്ലിക് ചെയ്യരുതെന്നും വ്യാജ സൈറ്റുകളില്‍ അക്കൗണ്ട് നമ്പര്‍, പാന്‍കാര്‍ഡ് നമ്പര്‍, ഇന്റര്‍നെറ്റ് ബാങ്കിങ് ഐഡി, പാസ്വേഡ്, ഒടിപി തുടങ്ങിയവ നല്‍കരുതെന്നും സൈബര്‍ പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.