തിരുവനന്തപുരം: കൊവിഡ് മരണ പട്ടിക പുതുക്കി സംസ്ഥാന സര്‍ക്കാര്‍. പുതിയ പട്ടികയില്‍ 7000 മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. രേഖകളുടെ അഭാവം കൊണ്ട് ഇത്രയും മരണങ്ങള്‍ പഴയ പട്ടികയില്‍ നിന്നും വിട്ടു പോയതാകാമെന്നും ഇത് ആരോഗ്യവകുപ്പ് തന്നെ കണ്ടെത്തി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്. മരണക്കണക്ക് ഒളിപ്പിക്കുന്നില്ലെന്നും അര്‍ഹരായവര്‍ക്ക് മുഴുവന്‍ ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.
നേരത്തെ, കൊവിഡ് മരണങ്ങളുടെ എണ്ണം സര്‍ക്കാര്‍ മനപൂര്‍വ്വം കുറച്ചുകാണിക്കുന്നുവെന്ന് വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കൊവിഡില്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ എല്ലാം പൊള്ളയാണെന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷം വീണ്ടും ശക്തമായി രംഗത്തെത്തിയതോടെയാണ് മരണക്കണക്ക് പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അന്‍പതിനായിരം രൂപ ധനസഹായം കിട്ടാനിരിക്കെ പട്ടിയില്‍ നിന്ന് ആയിരക്കണക്കിന് പേരെ ഒഴിവാക്കി എന്നായിരുന്നു പ്രധാന ആക്ഷേപം.
ജൂണ്‍ 16 മുതല്‍ ഓണ്‍ലൈന്‍ വഴി കണക്കുകള്‍ നല്‍കുന്നുവെന്ന് പറയുമ്പോള്‍ അതിന് മുമ്പ് എത്രപേര്‍ മരിച്ചുവെന്നത് സര്‍ക്കാര്‍ ഒളിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. മികച്ച പ്രതിരോധം, കുറഞ്ഞ ടിപിആര്‍, കുറഞ്ഞ മരണനിരക്ക് തുടങ്ങിയ കേരളത്തിന്റെ അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

