ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഐഎസ്‌ഐ; നിർണായക വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഐഎസ്‌ഐയാണെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഉന്നതതല യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം.

ജമ്മു കശ്മീരിൽ സിക്ക്, ഹിന്ദു വിഭാഗക്കാർക്ക് നേരെ നടക്കുന്ന ആക്രമണം ഭീകര സംഘടനകളുടെ പുതിയ തന്ത്രമായാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഭീകരരുടേത് വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് കഴിഞ്ഞ ദിവസം ജമ്മുകശ്മീർ ഡിജിപി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഐഎസ്‌ഐ പിന്തുണയോടെ പാകിസ്താൻ ഭീകര സംഘടനകൾ നാട്ടുകാരായവരെ റിക്രൂട്ട് ചെയ്ത് ആയുധം നൽകി ആക്രമണം നടത്തുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ, ഐബി, ബിഎസ്എഫ്, സിആർപിഎഫ് മേധാവികൾ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷ വിലയിരുത്തൽ യോഗത്തിൽ പങ്കെടുത്തത്. ജമ്മുകശ്മീരിലെ സാഹചര്യത്തെ കുറിച്ചും രാജ്യത്തിന്റെ പൊതു സുരക്ഷയെ കുറിച്ചും യോഗം വിലയിരുത്തി.