മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആര്യൻ ഖാൻ ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിന്റെ പ്രാധാന്യം, ചോദ്യം ചെയ്യൽ, തെളിവ് ശേഖരിക്കൽ എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് എൻസിബി കോടതിയെ അറിയിച്ചു.
തെറ്റ് ചെയ്തിട്ടില്ലെന്നും ആര്യൻ ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. അതേസമയം ആര്യന്റെ ഫോൺ ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് എൻസിബി. ഞായറാഴ്ച പുലർച്ചെയാണ് ആര്യൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനുമാണ് എൻസിബിയുടെ പദ്ധതി.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 17 പേരുടെ അറസ്റ്റ് എൻസിബി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്യൻ ഖാൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ നിർണായകമായ കണ്ടെത്തലുകളാണ് എൻസിബി നടത്തിയിരിക്കുന്നത്.

