തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ കുട ചൂടിയുള്ള യാത്ര ചെയ്യുന്നവർക്ക് ഇനി പണി കിട്ടും. ഇത്തരത്തിലുള്ള യാത്ര ഇനി മുതൽ ശിക്ഷാർഹമാണ്. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യാൻ പാടില്ലെന്നാണ് ഉത്തരവ്. ഗതാഗത കമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനത്ത് കുടചൂടിയുള്ള ഇരുചക്രവാഹന യാത്രകളെ തുടർന്നുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കാൻ തീരുമാനിച്ചത്.
മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 177.എ പ്രകാരം ഇരുചക്രവാഹനങ്ങളിൽ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹമാണ്. ഇത്തരത്തിൽ യാത്ര ചെയ്താൽ ആയിരം രൂപ മുതൽ അയ്യായിരം രൂപ വരെ പിഴ ശിക്ഷയായി ലഭിച്ചേക്കും. ഗതാഗത കമ്മീഷണർ പുറത്തിറക്കിയ ഉത്തവിൽ പിഴയെക്കുറിച്ചുള്ള വ്യക്തമായ വിവരം പറഞ്ഞിട്ടില്ല.

