റോഡപകടങ്ങളില്‍ രക്ഷകരാകുന്നവര്‍ക്ക് പാരിതോഷികം, മികച്ച രക്ഷകന് ഒരു ലക്ഷത്തിന്റെ അവാര്‍ഡും പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ ഒരു ജീവനും നഷ്ടപ്പെടരുതെന്ന് കണക്കിലെടുത്ത് കേന്ദ്ര പദ്ധതി. അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നിലവില്‍ വരുന്നു. കേന്ദ്ര റോഡ്, ഗതാഗത റെയില്‍വേ മന്ത്രാലയമാണ് ഇത്തരമൊരു പദ്ധതി രൂപീകരിച്ചത്.

അപകടത്തില്‍ പെടുന്നവരെ ഗോള്‍ഡന്‍ മണിക്കൂര്‍ എന്നറിയപ്പെടുന്ന ആദ്യ ഒന്നര മണിക്കൂറില്‍ തന്നെ എത്തിക്കുന്നവര്‍ക്കാണ് 5000 രൂപ പാരിതോഷികം നല്‍കുന്നത്. ഈ പദ്ധതി 2021 ഒക്ടോബര്‍ 15 മുതല്‍ 2026 മാര്‍ച്ച് 31 വരെ പ്രാവര്‍ത്തികമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിമാര്‍ക്കും അയച്ച കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. പദ്ധതി നടപ്പാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കി.

പാരിതോഷികത്തിന് പുറമെ ഏറ്റവും മികച്ച രക്ഷകന് ഒരു ലക്ഷം രൂപയുടെ ദേശീയ അവാര്‍ഡും നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒരാള്‍ ഒന്നിലധികം പേരെ രക്ഷിക്കുമെങ്കില്‍ 5000 രൂപ വീതം ഓരോ ആളെ രക്ഷിച്ചതിനും പാരിതോഷികം ലഭിക്കും.