ഒരു മാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടേയെന്ന് ഹൈക്കോടതി

കൊച്ചി: ഒരു മാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടേയെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കോവിഡ് ഉള്ളപ്പോഴത്തേക്കാൾ ആരോഗ്യ പ്രശ്‌നങ്ങൾ കോവിഡിന് ശേഷമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും കോടതി വ്യക്തമാക്കി. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷൻ പരിഗണിക്കവെയായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരിൽ നിന്നും കോവിഡാനന്തര ചികിത്സയ്ക്ക് നിലവിൽ പണം ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയുടെ പ്രതികരണം. ഇത് ശരിയായ നടപടിയാണോ നേരത്തെയും കോടതി ചോദ്യം ഉന്നയിച്ചിരുന്നു.

അതേസമയം കോവിഡാനന്തര ചികിത്സയ്ക്ക് ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു. മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനം ഉള്ളവരിൽ നിന്നു മാത്രമാണ് പണം ഈടാക്കുന്നതെന്നും ഒരുമാസം 27,000 രൂപ വരുമാനം ഉള്ളവരാണ് ഈ പരിധിയിൽ വരുന്നതെന്നും കോടതി വ്യക്തമാക്കി.

ഇവർ ഒരുമാസം കോവിഡാനന്തര ചികിൽസയ്ക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ 21,000 രൂപ മുറി വാടകയായി മാത്രം നൽകേണ്ടി വരും. പിന്നെ ഇയാൾ ഭക്ഷണം കഴിക്കാൻ എന്തുചെയ്യുമെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തിനകമുള്ള മരണം കോവിഡ് മരണമായി കണക്കാക്കുന്നു. സമാന രീതിയിൽ കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തെ കോവിഡാനന്തര ചികിൽസയെങ്കിലും സൗജന്യമായി നൽകിക്കൂടേയെന്നാണ് കോടതി ചോദിക്കുന്നത്.