കുട്ടികളില്‍ കൊവിഡ് വാക്സിനേഷന്‍ നടപടി വേഗത്തിലാക്കണമെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി: രാജ്യത്ത് എട്ടുമുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കൊവിഡ് വാക്സിനേഷന്‍ നടപടി വേഗത്തിലാക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. കുട്ടികളിലെ പ്രതിരോധ ശേഷി മുതിര്‍ന്നവരുടേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നും, അതുകൊണ്ടുതന്നെ കൊവിഡ് വാക്സിന്റെ ലഭ്യത അനുസരിച്ച് കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കണമെന്നും രണ്‍ദീപ് ഗുലേറിയ അറിയിച്ചു.

മാത്രമല്ല, അസുഖങ്ങളുള്ള കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും, കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ അടുത്ത മാര്‍ഗം അതാണെന്നും എയിംസ് മേധാവി പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും എയിംസ് ഡയറക്ടര്‍ ഓര്‍മപ്പെടുത്തി. അടുത്ത ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് വരുത്താനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു.